Sunday, December 5, 2010

തെക്കേല അവുള്ളയും ഏണി മൂസയും പുലിയെ പിടിക്കാന്‍ പോയ കഥ

തലശ്ശേരി  രാജ്യത്തു നടന്ന കഥയാണ്...
ഞമ്മളൊക്കെ  ഉസ്കൂളില്‍ പഠിക്കുന്ന കാലത്ത് പുളി അച്ചാര്‍ മേടിച്ചു തിന്നാന്‍ പോവുന്ന ഒരു പീടിയ ഇണ്ടായിരുന്നു.
തെക്കേല അവുള്ള എന്നൊരു മനിശന്‍ ആണ് അത് നടത്തിയിരുന്നത്.
അവുള്ള ഒരു ഘടാഘടിയന്‍ ആയിരുന്നു. ഭീമാകാരം.
അവുള്ളയുടെ പീടിയയില്‍ എപ്പോളും വന്നിരിക്കുന്ന ഒരു വെളുത്ത മൊട്ടത്തലയുള്ള ആളാണ്‌ ഏണി മൂസ. ഭയങ്കര നീളമായത് കൊണ്ടാണ് നാട്ടുകാര്‍ "ഏണി" എന്ന് വിളിച്ചത്.
ഉസ്കൂളില്‍ ഇന്റര്‍ ബെല്‍  സമയത്ത് കോലൈസ് വിക്കാന്‍ വരുന്നയാളാണ് പെരുമാള്‍... പെരുമാള്‍ എന്ന് പറഞ്ഞാ കറുത്ത ഒരു തമിളന്‍... അയാളെ കണ്ടാല്‍ ആരും ഐസ് വാങ്ങി തിന്നൂല. പക്ഷെ അങ്ങനത്തെ കിര്ത്തൊക്കെ ഉസ്കൂളിലെ പഠിത്തം കയിഞ്ഞ ശേഷമാണു ഞമ്മള്‍ ഓര്‍മിച്ചത്‌. അതുവരെ പെരുമാളിന്റെ കോല്‍ ഐസ്  പിള്ളേര്‍ക്ക് ബല്യ കാര്യായിരുന്നു..
ബെല്ലടിക്കണ്ട താമസം ഞമ്മളൊക്കെ അവുള്ളന്റെ പീടിയക്കോനായില്‍ തിരിഞ്ഞു മറിഞ്ഞു കളിക്കും... ഒന്ന് രണ്ട് പുളിയച്ചാര്‍ മേടിച്ചു തിന്നും. ചിലപ്പോഴൊക്കെ അവുള്ള കാണാതെ പുളിയച്ച്ചാര്‍ കക്കും.
അപ്ലത്തെക്കും പെരുമാള്‍ സൈക്കിളില്‍ ഐസ് കൊണ്ടുവരും. പിന്നെ ഐസിന്റെ പിന്നാലെ... ചിലപ്പോ മേടിക്കും.. അല്ലെങ്കില്‍ മേടിച്ചവര്‍ തിന്നുന്നത് നോക്കി വായില വെള്ളം ഒലിപ്പിച്ച് നിക്കും. അപ്പൊ ചെല പിള്ളേര് കൊതി കൂടാന്ടിക്കാന്‍ ഐസ് പൊടിച് തരും. ചെല പിള്ളേര്‍ മൂക്കട്ട ഐസില്‍ ആക്കി "ഇന്നാ.. ഇനിക്ക് മേണോ?" എന്നൊക്കെ ചോയിക്കും.
ചെല ദിവസം  പെരുമാള്‍ നാരങ്ങ കൊണ്ട് വരും. അത് നടുക്കനെ മുറിച് മുളകും ഉപ്പും ചേര്‍ത്ത് വിക്കും.. അതിനു രണ്ടുര്‍പ്പിയ ആയിരുന്നു. ഐസ് അയിമ്പത് പൈശക്ക് കിട്ടും.
ഒരു ദിവസം..
പെരുമാള്‍ വന്ന പാടെ തെക്കേല അവുള്ളയോടു ഒച്ചത്തില്‍ വിളിച്ചു പറഞ്ഞു."പുലി വന്താച്ച് ... പുലി വന്താച്ച്.."
കേട്ട പാതി കേള്‍ക്കാത്ത പാതി പിള്ളേരെല്ലാം പാഞ്ഞു ഉസ്കൂളിനകത്തു കേറി വാതിലടച്ചു... അത് കണ്ടു മാഷമ്മാരും ടീച്ചര്‍മ്മാരും ഓപ്പീസില്‍ കയറി വാതിലടച്ചു.. "എന്റമ്മേ തലശേരീലും പുലിയാ?", മാഷമ്മാരും ടീച്ചര്‍മ്മാരും മൂക്കത്ത് വിരല്‍ വെച്ചു.
എല്ലാരും ജനലില്‍ കൂടി പുറത്തു നടക്കുന്ന വന്‍ സംഭവം കണ്ടു.
തെക്കേല അവുള്ള പുലിയെ പിടിക്കാന്‍ പോവുകയാണ്. വലിയൊരു ചാക്ക് കയ്യിലുണ്ട്.
"മൂസേ ഇഞ്ഞി ബെരുന്നോ?", അവുള്ള ചോദിച്ചു.
"ഞമ്മക്കെന്നാ സയിക്കളിമ്മല്‍ പോവാ...", എന്നും പറഞ്ഞു ഏണി മൂസ പെരുമാളിന്റെ സൈക്കിള്‍ മേടിച്ചു ഐസ് പെട്ടി അഴിച്ചു താഴെ വെച്ചു, "പെരുമാളെ ഇന്ജീം പോരി" .
എന്നിട്ട് മൂന്നാളും  കൂടി തലശ്ശേരി ഭാഗത്തേക്ക്‌ സൈക്കിള്‍ ചവുട്ടി. ഏണി മൂസ സൈക്കിള്‍ ചവുട്ടി. ചാക്കും പിടിച്ചു തെക്കേല അവുള്ള പിറകിലും പെരുമാള്‍ ഐസ് പെട്ടി പിടിച്ചു മുന്നിലും കയറി ഇരുന്നു പോവുന്നതു നെഞ്ഞിടിപ്പോടെയാണ് പിള്ളേരും മാഷമ്മാരും ടീച്ചര്‍മ്മാരും ജനലില്‍ കൂടി നോക്കി നിന്നത്.
എല്ലാര്ക്കും തെക്കേല അവുള്ളയോടും ഏണി മൂസയോടും അതിഭയങ്കര ബഹുമാനം തോന്നി.
കണ്ണന്‍ മാഷാണ് വിഷയം എടുത്തിട്ടത്: "എല്ലപ്പാ... ഇതിപ്പോ ഞമ്മക്കൊന്നും ചോറ് തിന്നാന്‍ പോണ്ടേ? പിള്ളര്‍ക്ക് കഞ്ഞി കൊടുക്കണ്ടേ?"
ഹെഡ് ടീച്ചര്‍ മിണ്ടിയില്ല...."സുമതി ടീച്ചറെ.. ടീച്ചറല്ലേ ഹെഡ് ടീച്ചര്‍.... "
ശ്വാസം വിട്ട് കൊണ്ട് ഹെഡ് ടീച്ചര്‍ പറഞ്ഞു:"അതിപ്പോ പുലിക്കു മനസ്സിലാവോ കണ്ണംമാഷേ?"
വിജ്യന്‍ മാഷ് ഇടപെട്ടു:"തലശ്ശേരീല്‍ പുലി  എറങ്ങാന്‍ ഒരു ചാന്‍സും ഇല്ലാലോ ടീച്ചറെ... തലശ്ശേരി കടല്‍ അല്ലെ? കാട്ടിലെല്ലേ പുലിയും കടുവയും."
ബിന്ദു ടീച്ചര്‍ അത് ശരി വെച്ചു:"ശരിയാ... "
പ്യൂണ്‍ കിട്ടന് ഒരു സംശയം ഉണ്ടായിരുന്നു,"എനി കടല്‍പ്പുലി ആയിക്കൂടാന്നിണ്ടോ"
"ഒന്ന് മിണ്ടാണ്ടിക്കെന്റെ കിട്ടാട്ടാ.. കടല്പ്പുലിയൊന്നും ഈടെം ഏടെയും ഇല്ലാ.", ഹെഡ് ടീച്ചര്‍ പറഞ്ഞു, "തെക്കേല അവുള്ള ബെരട്ടെ.... എന്നിറ്റ് മതി ബാക്കിയെല്ലം"
പിള്ളേര്‍ക്കെല്ലാം സന്തോഷം..
ക്ലാസ് ഇല്ലാലോ.. കൊറേ നേരം ജനലും പിടിച്ചു അവുള്ളയും ഏണി മൂസയും വരുന്നതും നോക്കി നിന്നു.
പിന്നെ ബോറടിച്ചു ഗോട്ടി കളിച്ചു. ഏതോ ചെക്കന്‍ ചുള്ളിയും കോലും കൊണ്ടുവന്നതും എടുത്തു കുറെ കളിച്ചു...
പിന്നെ എല്ലാര്ക്കും വിശപ്പ്‌ കൂടി...കളിയൊക്കെ നിര്‍ത്തി.
ഉച്ച ഒരു രണ്ടര മണി ആയി... നോക്കുമ്പോ ദൂരെ നിന്നു തെക്കേല അവുള്ളയും ഏണി മൂസയും നടന്നു വരുന്നു.. അവുള്ളയുടെ ചാക്കില്‍ കനത്ത എന്തോ ഉണ്ട്...
"പുലി തന്നെ", കിട്ടേട്ടന്‍ പറഞ്ഞു.
ഹെഡ് ടീച്ചറും പറഞ്ഞു,"ചരയിക്കണേ... ചത്തിനോന്നു നോക്കിയിട്ട് പോയാ മതി".
പിള്ളേരെല്ലാം വിശപ്പ്‌ മറന്നു പുലിയെ കാണാന്‍ തടിച്ചു കൂടി.
തെക്കേല അവുള്ള വന്ന പാടെ ചാക്ക് പീടിയക്കോനായില്‍ വെച്ചു. തൊട്ടടുത്ത്‌ ഏണി മൂസ നിപ്പുണ്ട്.
ഹെഡ് ടീച്ചര്‍ പറഞ്ഞു:"കണ്ണംമാഷ് പോയി പുലി ചത്തിനോന്നു നോക്ക്. എന്നിറ്റ് ഞമ്മലെല്ലം ബെരാം"
കണ്ണന്‍ മാഷ് ധൈര്യം ആവാഹിച്ചു വിറച്ചു കൊണ്ട്  അവുള്ളയുടെ പീടിയെന്റെ അടുത്ത് പോയി.
"അവുള്ളക്ക .....", ബഹുമാനത്തോടെ ചോദിച്ചു,"അവുള്ളക്ക....ഇങ്ങള് പുലിയെ പിടിച്ചിനാ? അയിനിപ്പോ ജീവനിണ്ടാ?"
തെക്കേല അവുള്ള ഞെട്ടുന്നത് എല്ലാരും കണ്ടു.
ഏണി മൂസ വാ പൊളിച്ചു നിന്നു പോയി.
"ഇങ്ങളെന്നാ കണ്ണംമാഷേ പറേന്നത്‌? എന്ത് പുലി ഏത് പുലി?", അവുള്ള ഞെട്ടല്‍ മാറാതെ ചോദിച്ചു.
"പെരുമാള് പറഞ്ഞിറ്റ് ഇങ്ങളും മൂസേം പുലിയെ പിടിക്കാനെല്ലേ പോയത്?"
"മാഷെ അതിങ്ങക്ക് കേട്ടത് തെറ്റ്യതാ.... ഞമ്മള് പുളി മേടിക്കാന്‍ പോയതാ.. പുളി അച്ചാര്‍ ഇണ്ടാക്കി പിള്ളെര്‍ക്ക് കൊടുക്കണ്ടേ... ആയിനാന്ന്....."
"അപ്പൊ പെരുമാള്‍ തൊള്ള തൊറന്നു കൂക്കിയിട്ടതെന്തിനേനു?", കണ്ണംമാഷ് വിശ്വാസം വരാത്തെ ചോദിച്ചു.
"കൊറേസായി തലിശ്ശേരി പുളി കിട്ടാനേ  ഇല്ലേനു... അതാ ഞാന്‍ ഓനെ ഏപ്പിച്ചത്... ഓന്‍ തലിശേരീന്നാണല്ലോ  എല്ലാന്നും ബെരുന്നത്....", എന്നിറ്റ് ചാക്ക് തുറന്നു കാണിച്ചു കൊടുത്തു... സംഭവം പുളി തന്നെ.
അപ്പോഴും  പുലിയെ കാണാന്‍  ജനലിലൂടെ മത്സരിച്ചു  നോക്കുകയായിരുന്നു, പിള്ളേരും മാഷമ്മാരും ടീച്ചര്‍മാരും.!