Saturday, February 5, 2011

പൊക്കന്‍ നമ്പൂതിരിയുടെ കഥ

ആയിരത്തി തൊള്ളായിരത്തിഅറുപതുകളില്‍  മൊകേരി നാട്ടില്‍ പൊക്കന്‍ എന്നൊരാള്‍ ജീവിച്ചു. കവുങ്ങില്‍ കയറി അടക്ക പറിച്ചും പ്ലാവില്‍ പടര്‍ത്തിയ കുരുമുളക് പറിച്ചും നടക്കുന്ന ഡെയിലി ജീവിതത്തിനിടയില്‍ പൊക്കന്‍ ഒരു മഹാ സത്യം മനസ്സിലാക്കി. ഭൂമിയില്‍ മനുഷ്യര്‍ തന്നെ പല മതക്കാരുണ്ട്. ഒരേ മതക്കാര്‍ തന്നെ പല പല ജാതിക്കാരുണ്ട്. ഇതില്‍ എല്ലാ ജാതിക്കും ഒരേ വിലയല്ല സമൂഹത്തിലുള്ളത്. ചിലര്‍ താണവര്‍. ചിലര്‍ മുന്തിയ ടൈപ്പ് ജാതിക്കാര്‍. അന്ന് വരെ പൊക്കന്‍ ഒരു ഹിന്ദു മാത്രം ആയിരുന്നു. ആയിടെ ആണ് നമ്പൂതിരി ജാതിയെ പറ്റി കേള്‍ക്കുന്നത്. അവരാണത്രേ ഏറ്റവും "ഘും" ഉള്ള ജാതി. അന്ന് തൊട്ട് പൊക്കന്‍ തീരുമാനിച്ചു. ജനിച്ചതോ ഒരു നമ്പൂതിരി ആയിട്ടല്ല. മരിക്കുന്നതെങ്കിലും നമ്പൂതിരി ആയിട്ടായിരിക്കണം.
അങ്ങനെ പൊക്കന്‍ തന്റെ ജീവിതാഭിലാഷം നിറവേറ്റാന്‍ ശ്രമം തുടങ്ങി. ഈ നമ്പൂതിരി എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇതുവരെ കണ്ടിട്ടില്ല. അവരുടെ പേരിന്റെ വാലായി നമ്പൂതിരി എന്ന് ചേര്‍ക്കാറുണ്ട് എന്നും നെഞ്ചിനും വയറിനും കുറുകെ പൂണൂല്‍ എന്നൊരു നൂല്‍ ഉണ്ടെന്നും രണ്ട് ദിവസം കൊണ്ട് തന്നെ പൊക്കന്‍ അന്വേഷിച് കണ്ടുപിടിച്ചു. അന്ന് തൊട്ട് തന്നെ "എടാ പൊക്കാ... ഇഞ്ഞി ആ കവ്ങ്ങുംമല്‍ കേറി ആ അടക്കേം കുരുമൊളോം പരിക്കണേ കുഞ്ഞിമ്മോനെ " എന്ന് പറയുന്നവരോടെല്ലാം "പൊക്കന്‍ നമ്പൂതിരീന്നു വിളിച്ച്ചിട്ടില്ലെങ്കില്‍ ഞാന്‍ ബെരൂല അടക്കേം കുരുമൊളോം പരിക്ക്യെനോന്നും " എന്ന് ശട്ടം കെട്ടി. അടക്ക കുരുമുളക് എന്നിവ പറിക്കുക ഒരു പൊതുജന കാര്യമായത്  കൊണ്ടും അന്നാട്ടില്‍ പൊക്കന്‍ മാത്രമേ ആ ജോലി ചെയ്തിരുന്നൂള്ളൂ എന്നത് കൊണ്ടും എല്ലാവരും ഒരുപോലെ പൊക്കനെ പൊക്കന്‍ നമ്പൂതിരി എന്ന് വിളിച്ചു പോന്നു.
എന്നിട്ടും പൊക്കന്‍ തൃപ്തനായില്ല. മറ്റേതിന്റെ കുറവുണ്ടല്ലോ... പൂണൂല്. ആദ്യമൊക്കെ ചാക്ക് നൂലെടുത്തു നെഞ്ഞിനെ ചുറ്റിയും മറ്റൊരെണ്ണം വയറിനു ചുറ്റിയും നടന്നു. "ഇതെന്താ പൊക്കാ... നെഞ്ഞത്തും ബയട്ടത്തും ചുറ്റീന്???" "ഇതാണ് കദീസുമ്മാ പൂണൂല്.."
"ഇഞ്ഞി എന്ത് ബെഗിടത്തരാ പൊക്കാ പറേന്നു?? പൂനൂല്‍ ആണെങ്കില്‍ പൂവൊക്കെ എട്ത്തും?"
സംഭവം ശരിയാണല്ലോ എന്ന് പൊക്കനും തോന്നി. എവിടെ പൂക്കള്‍.???
അന്ന് തൊട്ട് നൂലില്‍ ചെമ്പരത്തി ചെക്കി മുല്ല തുടങ്ങി അവയിലബിള്‍ പൂക്കളൊക്കെ ചുറ്റിയായി പൊക്കെന്റെ നടപ്പ്.
അങ്ങനെ ഒരു ദിവസം ദാസന്‍ മാഷ് പൊക്കനെ കണ്ടു. മൊകേരി നാട്ടിലെ അറിയപ്പെടുന്ന കമ്മുനിസ്റ്കാരനാണ് മാഷ്‌.
"ഇഞ്ഞി എന്താ പൊക്കാ പൂവൊക്കെ ചുറ്റി??"
"ദാസംമാഷേ ഇങ്ങള്‍ അറിഞ്ഞിട്ടില്ലേനോ? ഞാന്‍ നമ്പൂതിരി ആയി. ഇതാണ് പൂനൂല്‍."
"എന്‍റെ പൊക്ക.. ഇതൊന്നുമല്ല പൂനൂല്‍. അതൊരു പൂവില്ലാത്ത നൂലാണ്"
"അയി അസത്ത് കദീസുമ്മ പറഞ്ഞതാ  മാഷെ... പൂനൂലില് പൂ വേണം പോലും."
"പൊക്ക ഇഞ്ഞി ബിജാരിക്കും പോലെ നൂല് ചുറ്റിയാലോന്നും നമ്പൂരി ആവൂല്ല. ഉപനയനം കഴിക്കണം"
"ഓഹോ അതാണല്ലേ വേണ്ടത്" കാര്യം മനസ്സിലായില്ലെന്ന് ഭാവിക്കാതെ പൊക്കന്‍ പറഞ്ഞു.
"എല്ല പൊക്കാ.. ഇഞ്ഞി എന്തിനാണ് നമ്പൂരി ആവുന്നത്. ഭൂമിയില്‍ മനുഷ്യന്‍ എന്ന ഒറ്റ ജാതിയെ ഉള്ളൂ. താണിട്ടും പൊന്തീട്ടും ഒരു ജാതിയുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതവരുടെ അറിവില്ലായ്മ്മ ആണ്. ഇത് കമ്മ്യൂണിസത്തിന്റെ കാലമാണ് പൊക്കാ. ജന്മിയും കുടിയാനും ഇനി ഇല്ലാ.... എല്ലാ മനുഷ്യനും തുല്യ അവകാശമാണ് ഭൂമിയില്‍."
പൊക്കന്‍ വാ പൊളിച്ചു നിന്നു.
ദാസന്‍ മാഷ് നടന്നു പോയി. പൊക്കന്‍ നിന്നിടത്ത് നിന്നു ആലോചിച്ചു."ഈ മാഷ് എന്തൊക്കെ അലമ്പ് ആണ് പറേന്നത്‌? ഇയാക്കൊന്നുംവേറെ പണിയില്ലേ?"
അങ്ങനെ ഉപനയനം കഴിച്ചു നമ്പൂതിരി ആവാനായി പൊക്കന്റെ ശ്രമം.
മൊകേരി നാട്ടില്‍ അന്ന് ബസ്‌ സര്‍വീസ് ആരംഭിചിട്ടെ ഉള്ളൂ. വളരെ കുറച്ചു നാട്ടുകാരെ മൊകേരി നിന്നു തലശ്ശേരി വരെ പോകുന്ന കുഞ്ഞനന്തന്‍ ബസ്‌ ട്രാന്‍സപോര്ടില്‍ കയറിയിട്ടുള്ളൂ. മൊകേരി നിന്നു തലശ്ശേരി എത്തുമ്പോഴേക്കും വെളുത്ത ആള്‍ കരിപിടിച്ചു കറുത്ത് പോകും. കല്‍ക്കരി കത്തിച്ചാണ് ബസ്‌ ഓടിക്കുന്നത്. പൊക്കനാകട്ടെ ആ പ്രശ്നം ഇല്ലാ. പൊക്കന്‍ സ്വതേ രണ്ടിരട്ടി കറുത്തിട്ടാണ്. അങ്ങനെ ഒരു നാള്‍ പൊക്കന്‍ തലശ്ശേരിക്ക് വണ്ടി കയറി. അവിടെ വിപ്രന്‍ നമ്പൂതിരി ഉണ്ടെന്നു ആരോ പറഞ്ഞു കേട്ടു.
തലശ്ശേരി പട്ടണം ആദ്യമായി കണ്ട പൊക്കന്‍ വാ പൊളിച്ചു പോയി. എന്ത് മാത്രം കച്ച്ചോടക്കാരാ. സോഡാ എന്നൊരു സാധനത്തെ പറ്റി കേട്ടിട്ടുണ്ട്. ഇതാ സോഡാ വില്‍ക്കുന്ന പീടിക. കായുണ്ടകള്‍ നിരത്തി വച്ചിരിക്കുന്നു.
"ഒരു സോഡാ...."
"തിന്നേന്‍ എന്താ ബേണ്ടത്‌?" കടക്കാരന്‍ ചോദിച്ചു.
"ഒരു കായുണ്ട തന്നേക്കി"
സോഡയും കായുന്ടയും കഴിക്കുന്നതിനിടയില്‍ പൊക്കന്‍ പീടിയക്കാരനോട് ചോദിച്ചു "ഈ വിപ്രന്‍ നമ്പൂതിരിയുടെ വീടെവിടെയ"
"അതാ.. ആ വളവില്‍ കാണുന്ന വീടാ"
രണ്ട് പൈസയും കൊടുത്തു പൊക്കന്‍ വേഗം അങ്ങോട്ടേക്ക് നടന്നു.
മുറ്റത്ത്‌ തന്നെ ഉണ്ടായിരുന്നു വിപ്രന്‍ നമ്പൂതിരി.
"ആരാ"
"മൊകേരി നാട്ടിന്നു വരുന്നതാ... പൊക്കന്‍"
ഒന്ന് സംശയിച്ചു, വിപ്രന്‍ നമ്പൂതിരി ചോദിച്ചു"ഏതാ ജാതി?"
"*$@***@" പൊക്കന്‍ മറുപടി പറഞ്ഞു.
"ശപ്പന്‍... പടികയറി വന്നിരിക്കുന്നു. കടക്കു പുറത്തു.... ആകെ നാഷമാകിയല്ലോ ഭഗവാനെ."
തീര്‍ത്തും അപമാനിക്കപ്പെട്ടവനായി പൊക്കന്‍ പുറത്തിറങ്ങി. ദാസന്‍ മാഷ്‌ പറഞ്ഞത് എത്ര ശരിയാണ്.
അടുത്ത് തന്നെ പന്തക്കല്‍ എന്നൊരു സ്ഥലമുണ്ടെന്നും അവിടെ നല്ല മദ്യം കിട്ടുമെന്നും പൊക്കന്‍ കേട്ടിട്ടുണ്ട്. ഇന്നത്തെ നിരാശ മാറ്റാന്‍ അതേ ഉള്ളൂ വഴി.
പന്തക്കല്‍ എത്തുമ്പോഴേക്കും വൈകിട്ടായി. നടന്നാണ് പോയതും. 
"പയന്റ് ...... ലാര്‍ജ് ......." സ്വര്‍ഗതിലെത്തി ഭാഷ അറിയാത്തവനെ പോലെ പൊക്കന്‍ പരുങ്ങി.
എന്തായാലും ഒന്ന് രണ്ട് കുപ്പി കുടിച്ചു തീര്‍ത്തു.
ബോധം കുറച്ചു മാത്രം ബാക്കി  വെച്ചു പൊക്കന്‍ നടന്നു.
നടക്കുന്ന വഴിയരികില്‍ ഒരു വളര്പ്പന്‍ കിടക്കുന്നുണ്ടായിരുന്നു. ശംഖുവരയന്‍ വെള്ളിക്കെട്ടന്‍ എന്നൊക്കെ അറിയപ്പെടുന്ന പാമ്പാണ്. പൊക്കന്‍ അതിനെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്റെടുത്തു കൈയ്യില്‍ പിടിച്ചു. "കൊള്ളാലോ... പൂനൂലാക്കാന്‍ പറ്റിയ നൂല്" എന്നും പറഞ്ഞു പാമ്പിനെ എടുത്തു നെഞ്ചിനു കുറുകെ ചുറ്റി ... വാലും തലയും ചേര്‍ത്ത് കെട്ടി. അഭിമാനത്തോടെ നടന്നു.... "പൊക്കന്‍ നമ്പൂതിരി വരുന്നു... ശപ്പന്മാര്‍ ... മാറി നിക്കൂ... ആകെ ആശുധ്ധായല്ലോ ഭഗവാനെ..." എന്നൊക്കെ വിളിച്ചു
പറഞ്ഞു നടന്നു.
അപ്പോഴാണ്‌ കുഞ്ഞനതന്‍ ബസ്‌ അതുവഴി വന്നത്. മൊകേരി നാട്ടിലേക്ക് അവസാനത്തെ ട്രിപ്പ്‌ ആണ്. പൊക്കന്‍ അതില്‍ കയറി.
"അങ്ങോട്ട്‌ നിക്കൂ. പൊക്കന്‍ നമ്പൂതിരി ബെരുന്നത് കണ്ടില്ലെട...".. എല്ലാരും പേടിച്ചു മാറി. 
"പൊക്കന്‍ നമ്പൂതിരിയെ ഇങ്ങനെ ബഹുമാനിക്കരുത്.... കുറച്ചു കുറച്ചു ബഹുമാനിച്ചാ മതി...." എന്നൊക്കെ വെളിവില്ലാതെ പറഞ്ഞു.
ദാസന്‍ മാഷ് ബസില്‍ ഉണ്ടായിരുന്നു.
"എന്താ പൊക്കാ.... പാമ്പിനെ എടുത്തു നെഞ്ചത്ത് ചുറ്റിയാ നമ്പൂരി ആവോ?... ഇഞ്ഞി അയിനെ എടുത്തു ചാടിക്കാള.."
പൊക്കന്റെ പരാക്രമം കണ്ടു പാമ്പ് ഒരു കടി കൊടുത്തു. 
"ബസ്‌ നേരെ തലശ്ശേരി ആസ്പത്രിക്ക് വിട്", ദാസന്‍ മാഷ് അലറി.
*********************************************
ശേഷം : അഞ്ചു ദിവസങ്ങള്‍ക്കു ശേഷം പൊക്കന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്ന്! 

9 comments:

കൂതറHashimܓ said...

വായിച്ചു

Rare Rose said...

പാവം പൊക്കന്‍..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല രസായിട്ട് വിവരിച്ചു കേട്ടൊ മാഷെ..

പഴേ കാലത്തെ ചിന്താഗതികളുടെ ഒറിജിനാലിറ്റി മുഴുവൻ ഇതിലൂടെ കാണാൻ കഴിഞ്ഞു...
അതാണീകഥയുടെ വിജയവും...

ആദൃതന്‍ | Aadruthan said...

നന്ദി...
ഹാഷിം,
റോസ്,
മുരളിഏട്ടന്‍......

sheriff kottarakara said...

പൊക്ക കഥ കൊള്ളാം

ശങ്കരനാരായണന്‍ മലപ്പുറം said...

വായിച്ചു മോനേ! രസമായിട്ടുണ്ട്!!

ആദൃതന്‍ | Aadruthan said...

നന്ദി ഷെരിഫ്,
ശങ്കരനാരായണന്‍...

ആദൃതന്‍ | Aadruthan said...

ഈ കഥയില്‍ ദഹിക്കാത്ത ഒരു ഭാഗം എന്ന് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചത് പൊക്കന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവേശനം ആണ്. അന്നത്തെ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പവിത്രമായിരുന്നു. ഇന്നത്തെ പോലെ മലിനപ്പെട്ടിരുന്നില്ല.

Mr.DEEN said...

KEEP WRITING ALL THE BEST :)