Wednesday, August 10, 2011

അശാര്‍പ്പിന്റെ ചന്തിയുടെ കഥ


അന്ത്രൂക്കയുടെ മോന്‍ അശാര്‍പ്പിന്റെ കൂടെയാണ് ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉസ്കൂളില്‍ പോയിരുന്നത്. അശാര്‍പ്പ് അന്ന് എഴാം ക്ലാസ്സില്‍ ആണ്. എനിക്കന്നു ട്രൌസറും ഷര്‍ട്ടും മാത്രമായിരുന്നു വേഷം. അശാര്‍പ്പിനാകട്ടെ വെളുത്ത മുണ്ടും നിറമുള്ള ബനിയനും അതിന്റെ മേലെ ടീ ഷര്‍ട്ടും ഉണ്ടായിരുന്നു. അതിനെക്കാളേറെ അശാര്‍പ്പിനോട് ബഹുമാനം തോന്നാന്‍ തക്ക മറ്റൊരു സംഗതി കൂടി അശാര്‍പ്പിനു ഉണ്ടായിരുന്നു. ഷഡി. ജെട്ടി എന്നും പറയാറുള്ള തികച്ചും ബഹുമാനത്തോടെ ഞാന്‍ കാണുന്ന സംഗതി. നിറമുള്ള പലതരം ഡികള്‍ അശാര്‍പ്പിനു ഉണ്ടായിരുന്നു. പലതും പേര്‍ഷ്യയില്‍ നിന്നും കൊണ്ട് വന്നത്. 
സത്യത്തില്‍ അങ്ങനെ ഒരു സംഗതി ഉണ്ടെന്നുള്ള കാര്യം കണ്ടു പിടിച്ചത് എന്‍റെ കൂര്‍മ്മ ബുദ്ധി ഒന്ന് കൊണ്ട് മാത്രമാണ്. ഒരിക്കല്‍ അറിയാതെ അശാര്‍പ്പിന്റെ മുണ്ടിനടിയില്‍ ഒരു നിറം മാറ്റം ശ്രദ്ധയില്‍ പെട്ടു. ഉടനെ അശാര്‍പ്പിനോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ അശാര്‍പ്പ് എന്തോ നിഗൂഡമായ രഹസ്യം പോലെ മറുപടി പറയാതെ ഒഴിഞ്ഞു മാറി.
ആഹാ..
കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.
പിന്നെ എന്നും അശാര്‍പ്പിന്റെ പിറകില്‍ മാത്രമേ ഞാന്‍ നടക്കൂ. തിങ്കളാഴ്ച മഞ്ഞ നിറം..ചൊവ്വ ചെമപ്പ്..ബുധന്‍ കറുപ്പ്..എന്‍റെ വിസ്മയം വര്‍ദ്ധിച്ചു.
ഇനി അശാര്‍പ്പിന്റെ ചന്തി നിറം മാറുന്ന വല്ല പ്രത്യേക ചന്തിയുമാണോ? ഇനി എന്‍റെ ചന്തി നിറം മാറുന്നത് ട്രൌസര്‍ ഇട്ടതു കൊണ്ട് ഞാന്‍ അറിയാത്തതാണോ?
കുളിക്കുമ്പോള്‍ പരിശോധിച്ചിട്ട് തന്നെ കാര്യം.
പക്ഷെ എത്ര ശ്രമിച്ചിട്ടും എന്‍റെ നടു വേദനിച്ചതല്ലാതെ എന്‍റെ സ്വന്തം ചന്തി കാണാന്‍ അപ്പോഴൊന്നും പറ്റിയില്ല. ചന്തി ഭയങ്കര സംഭവം തന്നെ. തികച്ചും നിഗൂഡമായ ഒരു വസ്തുത ഓരോ ചന്തിയും ഒളിച്ചു വെക്കുന്നു. വെള്ള മുണ്ടിടുമ്പോള്‍ മാത്രം അത് മറ്റുള്ളവര്‍ കാണുന്നു.
അങ്ങനെ ഇരിക്കെ ഒരുനാള്‍ അച്ഛന്‍ ചുവരില്‍ അടിച്ചു പിടിപ്പിച്ച കണ്ണാടിയില്‍ നോക്കി മുടി ചീകുന്നത് കണ്ടു. എന്നേക്കാള്‍ വളരെ ഉയരത്തില്‍ ആണ്. ഈ സംഗതിയില്‍ മുഖം നോക്കാമെങ്കില്‍ ചന്തിയും നോക്കാമല്ലോ. ആരും അറിയാതെ ദിവസങ്ങള്‍ കാത്തിരുന്ന് ഒരു നാള്‍ സ്ടൂള്‍ എടുത്തു വച്ചു കണ്ണാടി ഞാന്‍ അടിച്ചു മാറ്റി. എന്നിട്ട് വീടിന്റെ പിന്നാമ്പുറത്തു പോയി ട്രൌസര്‍ അഴിച്ചു കണ്ണാടിയില്‍ നോക്കി.
ഭയങ്കര നിരാശ ആയിരുന്നു ഫലം. കരു കറുത്തൊരു ചന്തി...ഛെ..ശരിയാ നാളെ മഞ്ഞ ആയിരിക്കും.
പിറ്റേന്ന് നോക്കിയപ്പോഴും കറുപ്പ് തന്നെ..
ഈ പരീക്ഷണം ഒരാഴ്ച തുടര്‍ന്നു.
പക്ഷെ എന്‍റെ ചന്തിയുടെ നിറം മാത്രം മാറിയില്ല.
അച്ഛനോടും അമ്മയോടും ചോദിച്ചു: എന്താ അശാര്‍പ്പിന്റെ ചന്തിക്ക് മാത്രം നിറം മാറ്റം.?
അവര്‍ ചിരിച്ചു കൊണ്ടേയിരുന്നു.
എന്‍റെ നിഗൂഡത വര്‍ധിച്ചു.
അശാര്‍പ്പിന്റെ വീട് ചുറ്റി പറ്റിയായി പിന്നെ അന്വേഷണം.
ചുള്ളിയും കോലും കളിക്കനെന്ന ഭാവത്തില്‍ അവിടെയൊക്കെ ചുറ്റി നടന്നു.
ആ നടത്തം പിന്നാമ്പുറത്ത് എത്തി. അലക്ക് കല്ലില്‍ പല നിറങ്ങള്‍...തുണികള്‍...പലതും അശാര്‍പ്പിന്റെ ചന്തിയുടെ നിറങ്ങള്‍...വിസ്മയത്തോടെ ഞാന്‍ അവ എടുത്തു. ഒരു വലിയ ഓട്ടയും രണ്ട് ചെറിയ ഓട്ടകളും...
വാ പൊളിച്ചു നില്‍ക്കവേ കദീസ്ത വന്നു.."എന്താ ചെക്കാ...ഇനിക്കും ഷട്ടി ബെണോ?!"
ഇഞ്ഞി ബല്യ ആളാവുമ്പോ മാങ്ങി തരാ കേട്ടാ..
ഇതെന്തിനാ ? ഞാന്‍ ചോദിച്ചു. അതൊക്കെ ഇഞ്ഞി ബല്യ ആളാവുമ്പോ മനസ്സിലാവും.
എന്നിട്ട് കദീസ്ത എന്‍റെ അമ്മയെ വിളിച്ചു ഉറക്കെ പറഞ്ഞു:
"ശാന്തെടത്തീ ...ഇബനു ഒരു ഷട്ടി മാങ്ങി കൊടുക്കണേ.."
എല്ലാവരുടെയും കൂട്ടച്ചിരിയില്‍  വിസ്മയത്തോടെ വലുതാവുന്ന സ്വപ്നം കണ്ടു നാണത്തോടെ  ഞാന്‍ തല കുനിച്ചു.


6 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

കലക്കി മോനെ അന്റെ കോണകപുരാണം!

ശങ്കരനാരായണന്‍ മലപ്പുറം said...

അല്ല, ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി. ഇപ്പോള്‍ അദൃതന്റെ ചന്തിയുടെ നിറമെന്താ?

ആദൃതന്‍ | Aadruthan said...

എന്‍റെ ശിവ വിഷ്ണു ഭഗവാനെ...നന്ദിയോടെ ഒരു സത്യം പറയാം...വിശ്വസിക്കുമല്ലോ...
എന്‍റെ ചന്തി അന്നും ഇന്നും വെള്വേളുത്ത്ത ആവോലിയുടെ നിറമാണ്! കഥയുടെ രസം കൂട്ടാന്‍ കറുത്തിട്ടെന്നു എഴുതിയതാ

അനുരാഗ് said...

ചന്ദിപുരാണം നന്നായി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപ്പോൾ നർമ്മത്തിൽ പൂശാനും നന്നായി അറിയാം അല്ലേ ഭായ്

ആദൃതന്‍ | Aadruthan said...

യൂറോപ്പില്‍ കലാപം എന്നൊക്കെ വായിച്ചു..അപ്പോള്‍ ഞാന്‍ ഭായിയെ ഓര്‍ത്തു. സുഖമാണോ?